എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് അടക്കം രണ്ടു പ്രതികള്‍ കൂടി; ലുക്കൗട്ട് നോട്ടീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 15th October 2022 12:33 PM |
Last Updated: 15th October 2022 12:33 PM | A+A A- |

നവ്യ, സുഹൈല്‍ ഷാജഹാന്‍/ ഫെയ്‌സ്ബുക്ക് ചിത്രം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക പ്രവര്‍ത്തക നവ്യ എന്നിവരാണ് പ്രതികള്‍. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇരുവരും ഒളിവിലാണെന്നും, ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ രാജ്യം വിട്ടതായും അഭ്യൂഹമുണ്ട്.
എകെജി സെന്റര്‍ ആക്രമണത്തിലെ മാസ്റ്റര്‍ മൈന്‍ഡ് രണ്ടാംപ്രതിയായ സുഹൈല്‍ ഷാജഹാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പോകാന്‍ സ്‌കൂട്ടര്‍ ഏര്‍പ്പാടാക്കിയതും, സ്‌ഫോടക വസ്തു വാങ്ങുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതായും ക്രൈംബ്രാഞ്ച് പറയുന്നു.
ആറ്റിപ്രയിലെ പ്രാദേശിക പ്രവര്‍ത്തകയാണ് കേസില്‍ മൂന്നാം പ്രതിയായി ചേര്‍ത്ത ടി നവ്യ. ഒന്നാം പ്രതി ജിതിന്റെ സുഹൃത്താണ് ഇവര്‍. ജിതിന്‍ ആവശ്യപ്പെട്ട പ്രകാരം സുഹൈല്‍ ഏര്‍പ്പാടാക്കിയ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയതും, ആക്രമണശേഷം സ്‌കൂട്ടര്‍ സുരക്ഷിതമായി തിരികെ എത്തിച്ചതും നവ്യയാണെന്നാണ് പൊലീസ് പറയുന്നു.
കേസിലെ ഒന്നാം പ്രതി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ