'തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ്'; കേരളത്തിന്റെ അഭിമാനമെന്ന് എംകെ രാഘവന്‍; വോട്ടെടുപ്പ് തുടങ്ങി

ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക് ശേഷം കേരളത്തിന് കിട്ടുന്ന അവസരമാണിതെന്ന് രാഘവൻ പറഞ്ഞു
എം കെ രാഘവന്‍, ശശി തരൂര്‍/ ഫയല്‍
എം കെ രാഘവന്‍, ശശി തരൂര്‍/ ഫയല്‍

കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് എം കെ രാഘവന്‍ എംപി. തരൂരിനു പ്രവര്‍ത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി കെ കൃഷ്ണ മേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂരെന്ന് രാഘവന്‍ പറഞ്ഞു.

തരൂര്‍ ട്രെയിനിയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തെയും രാഘവന്‍ വിമര്‍ശിച്ചു. തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ്. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക് ശേഷം കേരളത്തിന് കിട്ടുന്ന അവസരമാണിത്. കേരളത്തിലെ വോട്ട് തരൂരിന് അനുകൂലമായിരുക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു. 

പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ 16 ദിവസത്തിനിടെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ. പിന്തുണ തരാനുള്ളവര്‍ തന്നിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 

ഫോണില്‍ പലരും തന്നെ വിളിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. പാര്‍ട്ടിയുടെ അകത്ത് നല്ല രീതിയില്‍ ഇണക്കമുണ്ടായിട്ടുണ്ട്. ജനാധിപത്യം എന്നതു തന്നെ ചോയ്‌സ് എന്നല്ലേ. ചോയ്‌സില്ലെങ്കില്‍ എവിടെയാണ് ജനാധിപത്യമെന്ന് തരൂര്‍ ചോദിച്ചു. 

രാവിലെ തിരുവനന്തപുരത്ത് ആദ്യം വോട്ടു ചെയ്തത് തമ്പാനൂര്‍ രവിയാണ്. തന്നെ ഏറ്റവും അറിയാവുന്ന നേതാവാണ് രവിച്ചേട്ടന്‍. തനിക്ക് നല്ല തുടക്കമാണ് ലഭിച്ചത്. എത്ര സ്‌കോര്‍ ലഭിക്കുമെന്ന് മറ്റന്നാള്‍ അറിയാമെന്നും തരൂര്‍ പറഞ്ഞു. തന്നെക്കുറിച്ച് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നൊക്കെ ചിലര്‍ പറഞ്ഞു. അതിലൊന്നും പ്രതികരിക്കാനില്ല. ആരെക്കുറിച്ചും മോശമായി ഒന്നും പറയാനില്ല. 

2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം ആവശ്യമുണ്ട്. അതിനുള്ള പുനരുജ്ജീവനത്തിനാണ് താന്‍ ശ്രമിച്ചത്. തന്റെ സന്ദേശം ജനങ്ങള്‍ കേട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടെങ്കില്‍ ഇന്നത്തെ വോട്ടിങ്ങിലും കാണും. ഇനി തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടേതാണെന്നും തരൂര്‍ പറഞ്ഞു.

തന്റെ സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കുനന്ത്. രാജ്യത്തിന് ശക്തമായ കോൺ​ഗ്രസിനെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും തരൂർ പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com