'ഗവര്‍ണര്‍ക്ക് ഇത്തരം ഒരു അധികാരവുമില്ല, പുറത്തുവന്നത് രാഷ്ട്രീയം; രാഷ്ട്രപതി ഇടപെടണം'

ഗവര്‍ണറുടെ നിലപാടുകളോട് എല്‍ഡിഎഫ് വിധേയപ്പെടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര നേതൃത്വം. ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. വിമര്‍ശിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. 

മന്ത്രിമാരെ പുറത്താക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമായി. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന ഗവര്‍ണറെ തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

തെറ്റായ പ്രവണതയുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ അമിതാധികാര പ്രവണതയാണ് കാണിക്കുന്നത്. ഇതിനോട് ഇടതുപക്ഷ കക്ഷികള്‍ക്ക് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചു മാത്രമേ മന്ത്രിയെ നിയമിക്കാനാകൂവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. 

മന്ത്രിമാരെ തിരിച്ചു വിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അധികാരമില്ല. ആര്‍എസ്എസ് നയം നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്നു കരുതിയാല്‍ തെറ്റില്ല. ഗവര്‍ണറുടെ നിലപാടുകളോട് എല്‍ഡിഎഫ് വിധേയപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിക്കും പ്രായത്തിനും അനുസരിച്ചുള്ള പക്വത കാണിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com