ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്, 1600 ഔട്ട്ലെറ്റുകളും അടച്ചിടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th October 2022 06:59 AM |
Last Updated: 20th October 2022 07:00 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി; ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കും.
സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങൾ നൽകിയെങ്കിലും ചർച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങൾ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സംയുക്തസമരസമിതി ജനറൽകൺവീനർ എൻ.എ. മണി പറഞ്ഞു.
സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം മൂന്നരവർഷമായിട്ടും നടപ്പായിട്ടില്ല. സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിരജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാർജീവനക്കാരുമാണുള്ളത്. ഇതിൽ താത്കാലികജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനംപോലും ലഭിക്കുന്നില്ല. 11 മണിക്കൂറോളം ജോലിചെയ്യുന്ന ഇവർക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ മെല്ലപ്പോക്കാണ് ആനുകൂല്യം ഇല്ലാതാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. അതേസമയം, സ്ഥിരജീവനക്കാരുടെ ഇന്റേണൽ ഓഡിറ്റിങ് പൂർത്തിയാക്കാത്തതാണ് ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
‘ഷമ്മി തന്നെയാടാ ഹീറോ..’; തരൂരിനെ പ്രശംസിച്ച് ഹൈബി ഈഡൻ, കയ്യടിച്ച് പ്രവർത്തകരും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ