തലച്ചോറില്‍ നാലു വെടിയുണ്ടകളുമായി ആറുമാസം; അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവ് വീണ്ടും ജീവിതത്തിലേക്ക് 

അദ്ഭുതകരമായി തിരികെക്കിട്ടിയ ഈ ജീവന്‌ ഞാൻ ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്നും പ്രദീപ് ചോദിക്കുന്നു
പ്രദീപ് കുമാർ
പ്രദീപ് കുമാർ

കൊച്ചി: തലച്ചോറില്‍ നാലു വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ നിലയില്‍ കഴിഞ്ഞ ഇടുക്കി മൂലമറ്റം സ്വദേശി പ്രദീപ് കുമാര്‍ (32) തിരികെ സാധാരണ ജീവിതത്തിലേക്ക്. സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്തു. തലയോട്ടി തുളച്ചു തലച്ചോറില്‍ പതിച്ച വെടിയുണ്ടകള്‍ ആറു മാസത്തിനു ശേഷമാണ് പുറത്തെടുത്തത്. 

പ്രദീപിന്റെ തലച്ചോറിലെ പല ഭാഗങ്ങളില്‍ നിന്നാണ് വെടിയുണ്ട ഡോക്ടര്‍മാര്‍ കണ്ടെടുത്തത്. ശസ്ത്രക്രിയയില്‍ ഓരോ വെടിയുണ്ടയും പുറത്തെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പ്രദീപുമായി സംസാരിച്ചു കൊണ്ടിരുന്നു. തലച്ചോറിനു ചെറിയൊരു പോറലേറ്റാല്‍ പോലും ഏതെങ്കിലും ഒരു ശേഷിയെ ബാധിക്കുമെന്നതിനാലാണ് ശസ്ത്രക്രിയക്കിടെയും രോഗിയുമായി ഡോക്ടര്‍മാര്‍ ആശയവിനിമയം നടത്തിയത്.

കൂട്ടുകാരനായ സനലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ മാർച്ച് 26-നാണ് പ്രദീപിനു വെടിയേറ്റത്. മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു യുവാവാണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേർക്ക്‌ വെടിയുതിർത്തത്. ആ സമയത്ത് ബൈക്കിൽ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്. 

സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചപ്പോൾ ഗുരുതര പരിക്കുകളോടെ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരശേഷിയും ഓർമ ശക്തിയും കാഴ്ചശക്തിയും കുറഞ്ഞ് ​ഗുരുതരാവസ്ഥയിലായ പ്രദീപ്കുമാർ അബോധാവസ്ഥയിൽ കുറേനാൾ കഴിഞ്ഞു. പിന്നീട് ബോധം വന്നപ്പോഴാണ് തലച്ചോറിൽ നാല്‌ വെടിയുണ്ടകൾ തറഞ്ഞിരിക്കുന്നുണ്ടെന്ന്‌ ഡോക്ടർ പറഞ്ഞതെന്ന് പ്രദീപ് കുമാർ വ്യക്തമാക്കി. 

''വെടിയേറ്റതാണെന്ന്‌ എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന്‌ തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ലെന്നാണ്'' സംഭവത്തെപ്പറ്റി പ്രദീപ് കുമാർ പറയുന്നത്. ''തലച്ചോറിൽ വെടിയുണ്ടകളുമായാണ് ആറു മാസത്തോളം ഞാൻ കഴിഞ്ഞിരുന്നതെന്ന്‌ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അദ്ഭുതകരമായി തിരികെക്കിട്ടിയ ഈ ജീവന്‌ ഞാൻ ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്നും'' പ്രദീപ് ചോദിക്കുന്നു.

'ന്യൂറോ നാവിഗേഷൻ എന്ന സംവിധാനത്തിന്റെ സഹായത്തോടെ പല ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുമ്പോൾ വലിയൊരു അദ്ഭുതമായിട്ടാണ് തോന്നുന്നതെന്ന്' ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരായ ജെയിൻ ജോർജ്, ജേക്കബ് ചാക്കോ, പി ജി ഷാജി എന്നിവർ പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. സർജറിക്കിടെ ചെറിയ പോറൽ ഏറ്റാൽ പോലും  കാഴ്ചയും കേൾവിയും ഓർമയുമൊക്കെ ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായേക്കാമെന്ന ആശങ്കകൾക്കിടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും ഡോക്ടർമാർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com