തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണം, പൊലീസിനു പറ്റില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st September 2022 02:25 PM  |  

Last Updated: 01st September 2022 02:25 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിര്‍ദേശിച്ചു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്‌സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരാം. നിര്‍മാണം തടസ്സപ്പെടുത്തരുത്. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പദ്ധതിക്കു തടസ്സമുണ്ടാക്കാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിന നേരത്തെ നിരീക്ഷിച്ചിരുന്നു. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. 

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദാനി പോര്‍ട്ട്‌സും കരാര്‍ കമ്പനിയും കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴ വീണ്ടും കനക്കുന്നു; പത്തു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ