

തിരുവനന്തപുരം; കേരളത്തിലെ യുവാക്കൾക്ക് ഇടയിൽ ലഹരി ഉപയോഗം വർധിക്കുന്നത് സമൂഹത്തിന് വലിയ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയിലും ലഹരി ഉപയോഗം ചർച്ചയായിരുന്നു. ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ സുഹൃത്തിന്റെ മകൻ ലഹരിയ്ക്ക് അടിമപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
തന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നെന്നും ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാംതവണ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് തൊണ്ടയിടറി പ്രതിപക്ഷനേതാവ് സഭയിൽ പറഞ്ഞത്. 'ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്.’– എന്നാണ് സതീശൻ പറഞ്ഞത്.
അതിനിടെ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് ലഹരി ഉപയോഗം, വ്യാപാരം എന്നിവ വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് 29 വരെ 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലഹരി കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 17,834 പേര്‍ പിടിയിലായതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം കേസുകളാണ് അതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍ തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരി കേസില്‍ പിടിയിലാവുന്നവരില്‍ നിന്ന് ഇനി ഇത്തരം കേസുകളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കുന്ന ബോണ്ട് വാങ്ങും. ബോണ്ട് വാങ്ങാന്‍ പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates