വഴക്കിട്ട്, രാത്രി സൈക്കിളുമായി വീടുവിട്ടു; വഴിയാത്രക്കാരന്റെ ഉപദേശം; 14കാരൻ തിരിച്ചെത്തി!

മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍ കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍ നിന്ന വേഷത്തില്‍ ചെരിപ്പു പോലും ഇടാതെയാണ് സൈക്കിളില്‍ ഇറങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താം ക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. മാരാരിക്കുളത്താണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനാണ് രാത്രി എട്ട് മണിയോടെ വീട്ടുകാരുമായി വഴക്കിട്ട് സൈക്കിളുമായി ഇറങ്ങിയത്.

മോഡല്‍ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണില്‍ കളിച്ചതിനു ശകാരിച്ചപ്പോള്‍ വീട്ടില്‍ നിന്ന വേഷത്തില്‍ ചെരിപ്പു പോലും ഇടാതെയാണ് സൈക്കിളില്‍ ഇറങ്ങിയത്. രാത്രി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

സൈക്കിള്‍ ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ ജെട്ടിയിലെത്തി. രാത്രി ആളൊഴിഞ്ഞ ഹൗസ് ബോട്ടിൽ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ട് ജെട്ടിക്കു സമീപത്തു റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴി ചോദിച്ചു. 

ഈ വ്യക്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് 14കാരൻ വീടുവിട്ട കാര്യം പറഞ്ഞത്. അദ്ദേഹം ഭക്ഷണം വാങ്ങി നല്‍കിയ ശേഷം, കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചു. ഈ ഉപദേശം ഫലം കണ്ടു. വിദ്യാര്‍ത്ഥി മടങ്ങാന്‍ തയ്യാറായി.

അതിനിടെ ദേശീയപാതയിലൂടെ വരുന്നവഴി മാരാരിക്കുളം കളിത്തട്ടിനു സമീപം വിദ്യാർത്ഥിയുടെ സൈക്കിളിനു പിന്നില്‍ വീട്ടമ്മയുടെ സ്‌കൂട്ടറിടിച്ചു. പരിക്കേറ്റില്ലെങ്കിലും സൈക്കിള്‍ തകരാറിലായി. സൈക്കിള്‍ നന്നാക്കാന്‍ അവര്‍ 500 രൂപയും നല്‍കി. 

കഞ്ഞിക്കുഴിയിലെത്തി സൈക്കിള്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ച്ചെന്നു. വര്‍ക്ക്‌ഷോപ്പുടമയുടെ ഫോണില്‍ അമ്മയുടെ അച്ഛനെ വിളിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്കു ചെന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥിയെ പൊലീസുകാരും ഉപദേശം നൽകിയാണ് വിട്ടയച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com