സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാതെ എയ്ഡഡ് കോളജുകള്‍ക്കു സ്ഥിര നിയമനം നടത്താനാവില്ല: ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th September 2022 09:43 AM  |  

Last Updated: 13th September 2022 09:43 AM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ സ്ഥിര നിയമനം നടത്താനാവൂവെന്ന് ഹൈക്കോടതി. അനുമതിയില്ലാത്ത തസ്തികയില്‍ നിയമനം നടത്തിയാല്‍ അംഗീകാരം നല്‍കാന്‍ സര്‍വകലാശാലയ്‌ക്കോ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോ ബാധ്യതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

കൊച്ചിന്‍ കോളജിലെ പുതിയ രണ്ടു കോഴ്‌സുകളിലേക്കു അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിച്ചതു സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാര്‍, സിഎസ് സുധ എന്നിവരുടെ ഉത്തരവ്. അത്യാവശ്യത്തിന് ഗസ്റ്റ് ലക്ചറര്‍ നിയമനം അനുവദിക്കാറുണ്ടെന്നും സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കാതെ സ്ഥിര നിയമനം പാടില്ലെന്നുമായിരുന്നു അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിനു ബാധ്യതയുണ്ടാക്കുന്ന കാര്യമാണെങ്കില്‍ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള തീരുമാനം വേണ്ടിവരുമെന്നു കോടതി പറഞ്ഞു. 

കോളജ് 2018 ജനുവരിയില്‍ നിയമനം നടത്തി സര്‍വകലാശാലയുടെ അംഗീകാരം തേടിയിരുന്നു. എന്നാല്‍, ഇതുള്‍പ്പെടെ വിവിധ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് 2020 ഒക്ടോബര്‍ 30നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ തീയതി മുതലേ അംഗീകാരം നല്‍കാനാവൂവെന്നു സര്‍വകലാശാല അറിയിച്ചതിനെതിരെ അധ്യാപകര്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് അനുമതി ശുപാര്‍ശ പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍വകലാശാലയോടു നിര്‍ദേശിച്ചത് ചോദ്യം ചെയ്താണു സര്‍ക്കാരിന്റെ അപ്പീല്‍. 

എംജി സര്‍വകലാശാലാ നിയമത്തിലെ 59(1) വകുപ്പുപ്രകാരം സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന തസ്തികകളില്‍ അനുമതിയില്ലാതെ നിയമന അംഗീകാരം നല്‍കാനാവില്ലെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. 

പുതിയ കോഴ്‌സ് അനുവദിച്ച തീയതി മുതല്‍ തസ്തികയ്ക്ക് അംഗീകാരം പരിഗണിക്കണമെന്ന് അധ്യാപകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്; രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ