മകളെ പീഡിപ്പിച്ച പിതാവ് ശിഷ്ടകാലം ജയിലില്‍ കഴിയണം; മരണം വരെ തടവു ശിക്ഷ ശരിവച്ച് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th September 2022 09:47 AM  |  

Last Updated: 16th September 2022 09:47 AM  |   A+A-   |  

gangrape case

പ്രതീകാത്മക ചിത്രം

 

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. പിതാവിനെതിരെ ചുമത്തിയ പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെയുള്ള തടവുശിക്ഷ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയത്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാല്‍പ്പത്തിനാലുകാരനായ അച്ഛന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മദ്യപനും സ്ഥിരം പ്രശ്‌നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ച് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും അമ്മയും അധ്യാപികയും നല്‍കിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് വിധിച്ചത്. ഇതിനുപുറമേയാണ് പോക്‌സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ