തമിഴ്‌നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 02:16 PM  |  

Last Updated: 17th September 2022 02:16 PM  |   A+A-   |  

rakesh

മരിച്ച രാകേഷ്/ ടിവി ദൃശ്യം

 


കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് ഇന്നലെ ഇയാള്‍ തട്ടിക്കൊണ്ടു വന്നത്. 

വീട്ടുകാരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

നാട്ടിലും തമിഴ്‌നാട് കേന്ദ്രീകരിച്ചും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു വരുന്ന ആളായിരുന്നു രാകേഷ്. തമിഴ്‌നാട്ടിലെ ഒരു ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു വരലില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ തമിഴ്‌നാട് പൊലീസും കേരള പൊലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. 

ഇതിനിടെ തമിഴ്‌നാട് പൊലീസ് അറിയിച്ചതനുസരിച്ച് പരവൂര്‍ പൊലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രാകേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോഡിനു കുറുകെ സ്ഥാപിച്ച ആര്‍ച്ച് അലക്ഷ്യമായി മറിച്ചിട്ടു; സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ