ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും അമ്മയും കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2022 08:30 PM  |  

Last Updated: 19th September 2022 10:16 PM  |   A+A-   |  

death

രാകേഷ്, സൂര്യ

 

കണ്ണൂർ: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും അമ്മയും കസ്റ്റഡിയിൽ. കരിവള്ളൂർ കൂക്കാനത്ത് സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

‌സെപ്റ്റംബർ മൂന്നിനാണ് 24 കാരിയായ സൂര്യയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർതൃ വീട്ടിലെ കടുത്ത പീഡനത്തിൻ്റെ ഇരയായിരുന്നു സൂര്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 

2021 ജനുവരി ഒൻപതിനാണ് സൂര്യയുടെയും കരിവെള്ളൂർ പൂക്കാനത്ത് രാഗേഷിൻ്റെയും വിവാഹം കഴിഞ്ഞത്. ദമ്പതിമാർക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്. ഭർത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. 

രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും എട്ട് മാസം പ്രായമുള്ള കുട്ടിയെ നോക്കിയില്ലെന്നുമാണ് പരാതി. തന്‍റെ ഫോണിൽ എല്ലാ തെളിവുകളുമുണ്ടെന്ന് മരിക്കുന്നതിന് മുൻപ് സൂര്യ സഹോദരിക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. 

സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആ ഫോണ്‍ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും സൂര്യയുടെ വീട്ടുകാര്‍ സംശയിക്കുന്നു. മകൾ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരുന്നെങ്കിലും അവളോട് ഭർതൃ വീട്ടിൽ പിടിച്ച് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യയുടെ അമ്മ പറയുന്നത്. 

സൂര്യയുടെ ഫോൺ ഭർതൃ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം, താലി പൊട്ടിച്ചെറിഞ്ഞു, എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്‍'; ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ