കട അടപ്പിക്കാനെത്തി; ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2022 02:49 PM  |  

Last Updated: 23rd September 2022 02:49 PM  |   A+A-   |  

pfi_harthal

കടകള്‍ തകര്‍ത്ത നിലയില്‍/ ചിത്രം: എഎന്‍ഐ

 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കട അടപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ഇവരെ കയ്യേറ്റം ചെയ്ത നാട്ടുകാര്‍, സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലും ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു. 

നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തിയില്‍ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം ഉള്‍പ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി. അക്രമസംഭവങ്ങളില്‍ ഇതുവരെ 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക്  പരിക്കേറ്റു. 

എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍ക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് 60 ശതമാനം കൂടുതല്‍ സര്‍വീസ് നടത്തി. ഇന്ന് 2432 ബസ്സുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്‌മെന്റ് അവകാശപ്പെട്ടു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹര്‍ത്താലില്‍ വ്യാപക അക്രമം, ഡ്രൈവര്‍മാര്‍ക്ക് നേരെ ഇരുമ്പ് കഷ്ണം എറിഞ്ഞു; 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ