ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കെഎസ്ഇബി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 07:38 PM  |  

Last Updated: 24th September 2022 07:38 PM  |   A+A-   |  

kseb

കെഎസ്ഇബി ആസ്ഥാനം

 

തിരുവനന്തുപുരം: വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെഎസ്ഇബി സൗജന്യമായി നല്‍കുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് നല്‍കണം. അപേക്ഷയോടൊപ്പം, രോഗി ഉപയോഗിക്കുന്ന ഉപകരണം രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കണം.
     
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍ രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.

ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നു. ഇനി മുതല്‍ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്. 
                                           

ഈ വാര്‍ത്ത കൂടി വായിക്കൂ വിഴിഞ്ഞം തുറമുഖം: ഇടപെട്ട് സിപിഎം, സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ