വ്യവസായിയെ വടിവാള്‍ കാട്ടി ബന്ദിയാക്കി; പണം തട്ടാന്‍ ശ്രമം, മൂന്നംഗ സംഘം അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 07:35 PM  |  

Last Updated: 27th September 2022 07:35 PM  |   A+A-   |  

hostage_arrest

അറസ്റ്റിലായ പ്രതികള്‍

 

തിരുവല്ല: വ്യവസായിയെ ഗോഡൗണില്‍ ബന്ദിയാക്കി വടിവാള്‍ കഴുത്തില്‍ വെച്ച് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരെ വ്യാജ തോക്കും മാരകായുധങ്ങളുമായി തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇടിഞ്ഞില്ലം മാങ്കുളത്തില്‍ വീട്ടില്‍ ഷിജു വര്‍ഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പില്‍ കോളനിയില്‍ രാഹുല്‍ കൊച്ചുമോന്‍ (23), ഇടിഞ്ഞില്ലം വാഴയില്‍ വീട്ടില്‍ ബാസ്റ്റിന്‍ മാത്യു ( 20 ) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തിയില്‍ കടപ്പാക്കല്‍ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയില്‍ വീട്ടില്‍ ഷൈജുവിനെ തിരുവല്ല വേങ്ങലിലെ ഗോഡൗണില്‍ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഗോഡൗണിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ തിരുവല്ല പൊലീസ്, ഗോഡൗണ്‍ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളില്‍ നിന്നും വ്യാജ തോക്കടകം കണ്ടെടുത്തത്. കേസിലെ ഒന്നാംപ്രതി ഷിജു വര്‍ഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളുണ്ട്. രാഹുലിനും ബാസ്റ്റിനും എതിരെ അഞ്ചു വീതം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ മൂവരും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്.ഐ പി.ബി. നഹാദ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പിഎഫ്ഐ ഓഫീസുകളിൽ റെയ്ഡ്; വടിവാളുകൾ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ