'പി ആര്‍ഡി കാണിച്ചത് ന്യായീകരിക്കാന്‍ കഴിയില്ല'; പത്രപ്പരസ്യത്തില്‍ സി കെ ആശയെ തഴഞ്ഞതില്‍ അതൃപ്തിയുമായി സിപിഐ ജില്ലാഘടകം 

വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ സ്ഥലത്തെ എംഎല്‍എയായ സി കെ ആശയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്
സി കെ ആശ, വി ബി ബിനു
സി കെ ആശ, വി ബി ബിനു

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്‍ സ്ഥലം എംഎല്‍എയെ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി. പി ആര്‍ഡി കാണിച്ചത് ഒരുകാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ പിആര്‍ഡി പരസ്യം കൊടുക്കുമ്പോള്‍, വൈക്കം മണ്ഡലത്തിലെ ജനപ്രതിനിധി ആരോണോ അവരുടെ പേര് അതില്‍ വരേണ്ടതല്ലോയെന്ന് ബിനു ചോദിച്ചു. 

ആ വിമര്‍ശനമാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഉന്നയിക്കുന്നത്. അതില്‍ പരാതി കൊടുക്കേണ്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബിനു പറഞ്ഞു. അതേസമയം വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ സ്ഥലത്തെ എംഎല്‍എയായ സി കെ ആശയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിയ്ക്കകത്ത് തര്‍ക്കമുണ്ട്, സിപിഐക്ക് തര്‍ക്കമുണ്ട്, എംഎല്‍എയ്ക്ക് തര്‍ക്കമുണ്ട് തുടങ്ങിയ വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധമാണെും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

അവിടെ ആരു പ്രസംഗിക്കണം, എന്താണ് ചെയ്യേണ്ടത് എന്നെല്ലാം ഇന്നലെയല്ലല്ലോ തീരുമാനിച്ചത്. അത് വളരെ മുന്‍കൂട്ടി എടുത്തതാണ്. തങ്ങളുമായെല്ലാം ചർച്ച നടത്തിയിരുന്നു. സിപിഐ അടക്കം പാര്‍ട്ടികളെല്ലാം യോജിച്ച പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമാണ് വലിയ ബഹുജന പങ്കാളിത്തം ഉണ്ടായത്. ഇണ്ടംതുരുത്തി മന ഇന്ന് എഐടിയുസിയുടെ ഓഫീസാണെന്ന വസ്തുത മുഖ്യമന്ത്രിയും മന്ത്രിമാരും മറച്ചുവെച്ചു എന്നും ചില വാര്‍ത്തകളില്‍ കണ്ടു.

ഇതു ശരിയല്ല. മുഖ്യമന്ത്രിയും മന്ത്രി വാസവനും പ്രസംഗിച്ചപ്പോള്‍, വൈക്കത്ത് ഇണ്ടുതുരുത്തി മനയില്‍ മഹാത്മാഗാന്ധി വന്ന സംഭവത്തെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞിരുന്നു. ഗാന്ധിയെ മനയുടെ അകത്തേക്ക് പ്രവേശിപ്പിക്കാത്ത ബ്രാഹ്മണമേധാവിത്വത്തെക്കുറിച്ചും പറഞ്ഞിരുന്നു. കാലക്രമത്തില്‍ അത് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ഓഫീസ് ആണെന്ന് മന്ത്രിമാര്‍ പ്രസംഗത്തില്‍ പറഞ്ഞു. അത് അഭിമാനകരമാണെന്നും വിബി ബിനു പറഞ്ഞു.

രണ്ടു മുഖ്യമന്ത്രിമാര്‍ പ്രസംഗിച്ചശേഷം സിപിഐ സംസ്ഥാന സെക്രട്ടറിയാണ് പ്രസംഗിച്ചത്. മന്ത്രിമാര്‍ പലരും വേദിയിലുണ്ടായിരുന്നു. ബിനോയ് വിശ്വം അടക്കം നിരവധി എംപിമാരുമുണ്ടായിരുന്നു. അവരെല്ലാം ഇരിക്കെ, അവരേക്കാള്‍ കൂടുതല്‍ പ്രാധാന്യം സി കെ ആശ എംഎല്‍എയ്ക്ക് പരിപാടിയില്‍ കിട്ടിയിട്ടുണ്ട്. ആരൊക്കെ പ്രസംഗിക്കണം, ആരൊക്കെ സ്വീകരണം നല്‍കണം തുടങ്ങിയ കാര്യങ്ങളെല്ലാം എല്‍ഡിഎഫ് തീരുമാനിച്ച് നടപ്പിലാക്കിയതാണ്. അതിലൊന്നും സിപിഐക്ക് യാതൊരു തര്‍ക്കവുമില്ലെന്നും വി ബി ബിനു വ്യക്തമാക്കി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com