സിസിടിവി ദൃശ്യങ്ങളിലേത് പ്രതിയല്ല; കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെന്ന് പൊലീസ്; അക്രമിക്കായി കണ്ണൂര്‍ ആശുപത്രിയില്‍ തിരച്ചില്‍

റോഡരികില്‍ നിന്നയാള്‍ ഫോണ്‍ വിളിക്കുന്നതും, പിന്നീട് അവിടെയെത്തിയ ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്
സിസിടിവി ദൃശ്യങ്ങള്‍
സിസിടിവി ദൃശ്യങ്ങള്‍


കോഴിക്കോട്:  ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേത് അല്ലെന്ന് പൊലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടേതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വ്യക്തമാക്കിയത്. റോഡരികില്‍ നിന്നയാള്‍ ഫോണ്‍ വിളിക്കുന്നതും, പിന്നീട് അവിടെയെത്തിയ ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

കാട്ടില്‍പീടികയില്‍ നിന്നും രാത്രി 11.30ന് ഉള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇയാള്‍ അപരിചിതനാണെന്ന് നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പള്ളിയില്‍ നിന്നും പൊലീസ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ആര്‍സി ഉടമയെ പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യത്തില്‍ കണ്ടത് ട്രെയിനില്‍ അക്രമം നടത്തിയ ആളല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 

സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ആളുടെ കയ്യില്‍ ബാഗും ഫോണുമുണ്ട്. ഫോണില്‍ സംസാരിക്കുന്നുമുണ്ട്. അതേസമയം അക്രമി എന്നു സംശയിക്കുന്നയാളുടെ ബാഗും ഫോണും റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ട്രെയിനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥി വീട്ടില്‍ പോകാനായി ആരെയോ വിളിച്ചു വരുത്തിയതാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

അതിനിടെ രേഖാചിത്രത്തില്‍ കാണുന്നതിനോട് സാമ്യമുള്ള ഒരാള്‍ ചികിത്സ തേടി വന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പൊലീസ് അന്വേഷണം നടത്തി. ട്രെയിന് തിയിട്ടപ്പോള്‍ പ്രതിക്കും പൊള്ളലേറ്റിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.  അക്രമിയുടേതെന്ന് പറയുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com