ഒരുമിച്ച് ലീവെടുത്തു; റിജേഷിനേയും ജെഷിയേയും മരണം കൊണ്ടുപോയത് അയല്‍വാസികള്‍ക്ക് വിഷു സദ്യ ഉണ്ടാക്കുന്നതിനിടെ 

ദുബൈ ദേരബുര്‍ജ് മുറാറില്‍ ഫ്‌ലാറ്റിലെ തീപിടിത്തതില്‍ മരിച്ച മലയാളി ദമ്പതികള്‍ റിജേഷും ഭാര്യ ജെഷിയും അപകടത്തില്‍ പെട്ടത് വിഷു സദ്യ ഉണ്ടാക്കുന്നതിനിടെ
റിജേഷും ജെഷിയും
റിജേഷും ജെഷിയും

ദുബൈ ദേരബുര്‍ജ് മുറാറില്‍ ഫ്‌ലാറ്റിലെ തീപിടിത്തതില്‍ മരിച്ച മലയാളി ദമ്പതികള്‍ റിജേഷും ഭാര്യ ജെഷിയും അപകടത്തില്‍ പെട്ടത് വിഷു സദ്യ ഉണ്ടാക്കുന്നതിനിടെ. ശനിയാഴ്ച വൈകുന്നേരം അയല്‍വാസികള്‍ നോമ്പു മുറിക്കുമ്പോള്‍ സദ്യ നല്‍കാന്‍ ആയിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ പടര്‍ന്നു പിടിച്ച തീ റിജേഷിനേയും ജെഷിയേയും ഒപ്പം പതിനാല് അയല്‍വാസികളെയും കൊണ്ടുപോയി. ഒരു ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയില്‍ ബിസിനസ് ഡെവലപ്പര്‍ ആയി ജോലി ചെയ്യുകയായിരുന്നു റിജേഷ്. സ്‌കൂള്‍ അധ്യാപികയാണ് ജെഷി. 

നാട്ടിലേക്ക് പോകാനാവില്ലെങ്കിലും വിഷു ഒരുമിച്ച് ആഘോഷിക്കാമെന്നു കരുതിയാണ് റിജേഷും ജെഷിയും ഒരുമിച്ച് ലീവെടുത്തത്. ഇരുവര്‍ക്കും ശനിയാഴ്ച അവധിദിനമായിരുന്നില്ല. 

എല്ലാ വിഷുവിനും ഓണത്തിനും റിജേഷും ഭാര്യയും സദ്യ ഉണ്ടാക്കുമായിരുന്നെന്നും ഇത്തവണ റംസാന്‍ ആയതിനാല്‍ നോമ്പു മുറിക്കുന്ന സമയത്ത് ഇഫ്താറിന് ചെല്ലണമെന്ന് ഇരുവരും പറഞ്ഞിരുന്നെന്നും അപ്പാര്‍ട്ട്‌മെന്റ് 409ല്‍ താമസിക്കുന്ന റിയാസ് പറഞ്ഞു. 

'ഉച്ചയ്ക്ക് 12.30ന് വാട്‌സ്ആപ്പില്‍ റിജേഷിന്റെ സ്റ്റാറ്റസ് കണ്ടതാണ്. ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്നത് ഉള്‍പ്പെടെ റിജേഷ് ആയിരുന്നു. തൊട്ടടുത്ത് എല്ലാ സഹായത്തിനുമുണ്ടായിരുന്ന ആള്‍ ഇല്ലാതായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല'.- റിയാസ് പറഞ്ഞു. 

അടുത്ത മാസം വീടിന്റെ പാലുകാച്ചലിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് റിജേഷിനേയും ജെഷിയേയും മരണം തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ നാലാമത്തെ നിലയില്‍ തീപിടിക്കുകയായിരുന്നു. 

പത്തുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നാട്ടില്‍ പൊതുരംഗത്ത് സജീവമായിരുന്ന റിജേഷ് പതിനൊന്ന് വര്‍ഷമായി വിദേശത്താണ്. അഞ്ചുവര്‍ഷം മുന്‍പാണ് ജെഷി റിജേഷിനൊപ്പം വിദേശത്തേക്കുപോയത്. കഴിഞ്ഞ ഓണത്തിന് അടുത്ത ബന്ധുവിന്റെ വിവാഹത്തിനാണ് ഇരുവരും നാട്ടില്‍വന്നുമടങ്ങിയത്. തന്റെ പിതൃസഹോദരനും വേങ്ങര പഞ്ചായത്തംഗവുമായ കാളങ്ങാടന്‍ സുബ്രഹ്മണ്യനോട് ജൂണില്‍ നാട്ടിലെത്തുമെന്നും താമസിക്കാന്‍ പറ്റുന്നവിധം വീടിന്റെ പണി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ദുരന്തം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com