ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; 48,000രൂപ നഷ്ടപരിഹാരം വേണമെന്ന് കാറുകാരൻ, യുവാവ് ജീവനൊടുക്കി 

കാറോടിച്ച വ്യക്തി നാട്ടുകാർക്ക് മുമ്പിൽ അധിക്ഷേപിച്ചതും തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം
ആദർശ് എസ് എസ്
ആദർശ് എസ് എസ്

തിരുവനന്തപുരം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. അപകടത്തിൽ നഷ്ടപരിഹാരമായി കാറുകാരൻ  48,000 രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസിൽ ആദർശ് എസ് എസ് (21) ആണ് ആത്മഹത്യ ചെയ്തത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഉച്ചക്കട - പയറ്റുവിള റോഡിൽ വച്ചാണ് ആദർശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചത്. കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആദർശിന്റെ കാലിന് പരിക്കേറ്റിരുന്നു. ഓട്ടോറിക്ഷ ലൈറ്റ് ഇല്ലാതെയാണ് വന്നതെന്നും അതിനാൽ വാഹനം കണ്ടില്ലെന്നും ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും കാറുകാരൻ നാട്ടുകാരോട് പറഞ്ഞു. ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ആദർശ് പറഞ്ഞെങ്കിലും കാറുകാരൻ സമ്മതിച്ചില്ല. തനിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ആണുള്ളതെന്നും അതുകൊണ്ട് വണ്ടി നന്നാക്കാൻ 48,000രൂപ നഷ്ടപരിഹാരം വേണമെന്നും യുവാവ് ആദർശിനോട് ആവശ്യപ്പെട്ടെന്നാണ് കുടുംബം പറയുന്നത്. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ അനൂപ് ആദർശിനോട് വീട്ടിലേക്ക് പോകാൻ പറ‍ഞ്ഞു. ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതൃ സഹോദരനാണ് ആദർശ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന വ്യക്തി നാട്ടുകാർക്ക് മുമ്പിൽ വച്ച് അധിക്ഷേപിച്ചതും തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷമാണ് ആദർശിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. 

സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ ഓട്ടോറിക്ഷ ഹെഡ് ലൈറ്റ് ഇട്ടാണ് വന്നതെന്ന് കാണാം. ബൈക്കിനെ ഓവർടേക്ക് ചെയ്ത് വന്ന ഓട്ടോറിക്ഷയും എതിർദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിക്കുന്നതും തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതായി മരിച്ച ആദർശിന്റെ സഹോദരൻ അനൂപ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com