ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ/ ടിവി ദൃശ്യം
ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ/ ടിവി ദൃശ്യം

വീണ്ടും പിളർന്ന് കേരള കോൺ​ഗ്രസ്; ജോണി നെല്ലൂർ ജോസഫ് ​ഗ്രൂപ്പ് വിട്ടു; ദേശീയ പ്രാധാന്യമുള്ള സെക്കുലർ പാർട്ടി രൂപീകരിക്കും

ഉമ്മൻചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരി​ഗണന ഇപ്പോൾ ലഭിക്കുന്നില്ല
Published on

കൊച്ചി: കേരള കോൺ​ഗ്രസ് വീണ്ടും പിളർന്നു. കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി പദവും ഉന്നതാധികാര സമിതി അം​ഗത്വവും ഒഴിഞ്ഞതായി ജോണി നെല്ലൂർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. നിലവിലുള്ള ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ദേശീയ പ്രാധാന്യമുള്ള പുതിയ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ അറിയിച്ചു.

യുഡിഎഫ് നേതൃത്വത്തെ ജോണി നെല്ലൂർ വിമർശിച്ചു. ഉമ്മൻചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ കാലത്തെ പരി​ഗണന ഇപ്പോൾ ലഭിക്കുന്നില്ല. അപ്പോഴത്തേതുപോലുള്ള പ്രവർത്തനമാണോ ഇപ്പോഴെന്ന് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ക്രൈസ്തവ ഐക്യം എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ പുതിയ പാർട്ടി ക്രൈസ്തവരുടെ പാർട്ടിയായിരിക്കില്ല, മതേതര പ്രസ്ഥാനമായിരിക്കുമെന്നും നെല്ലൂർ പറഞ്ഞു. 

കേരള കോൺ​ഗ്രസ് പോലെ സംസ്ഥാന തലത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പാർട്ടിയല്ല ഉദ്ദേശിക്കുന്നത്. സെക്കുലർ പാർട്ടിയാണ് രൂപീകരിക്കുന്നത്. ദേശീയ കാഴ്ചപ്പാടോടെയാകും പുതിയ പാർട്ടി പ്രവർത്തിക്കുക.  പുതിയ പാർട്ടിയിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കൾ വരും. സിപിഎം, സിപിഐ, കോൺ​ഗ്രസ്, കേരള കോൺ​ഗ്രസ്, മുസ്ലിം ലീ​ഗ് തുടങ്ങിയ പാർട്ടികളിലെ നേതാക്കന്മാർ ബന്ധപ്പെട്ടിട്ടുണ്ട്.അവരുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. പുതിയ പാർട്ടിയുടെ നിലപാടുകൾ സംബന്ധിച്ചും ചർച്ചകൾ നടന്നു വരികയാണ്. 

കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നം അതീവ ​ഗൗരവകരമാണ്. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പാർട്ടിയാകും ഇത്. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഉണ്ടായിരിക്കില്ല.  റബർ വില വർധിപ്പിക്കാനായി ഭരണകക്ഷിയിൽ സമ്മർദ്ദം ചെലുത്തും. ഇതിനായി ബിജെപി നേതാക്കളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തും. അവസരം ലഭിച്ചാൽ നരേന്ദ്രമോദിയെയും കാണും. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ജോണി നെല്ലൂർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com