‘ജാക്കി പിടിച്ചോടാ’, ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ വളർത്തുപട്ടിയെ വിട്ട് കടിപ്പിച്ചു; അറസ്റ്റ്

പരാതി അന്വേഷിക്കാനെത്തിയ വനിതാസംരക്ഷണ ഓഫീസറെയും കൗൺസിലർക്കുമാണ് പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്
ജോസ്
ജോസ്

കോഴിക്കോട്; ഭാര്യ നൽകിയ ഗാർഹികപീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥയെ വളർത്തുപട്ടിയെവിട്ട്‌ കടിപ്പിച്ചയാൾ അറസ്റ്റിൽ. മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് ആണ് അറസ്റ്റിലായത്. പരാതി അന്വേഷിക്കാനെത്തിയ വനിതാസംരക്ഷണ ഓഫീസറെയും കൗൺസിലർക്കുമാണ് പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഭാര്യ വനിതാസംരക്ഷണ ഓഫീസിൽ പരാതി നൽകിയിരുന്നു. പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, കൗൺസിലർ നാജിയ ഷിറിൻ എന്നിവർ വീട്ടിൽ എത്തിയത്. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു.

മായയ്ക്ക് നേരെ ചാടിയെത്തിയ പട്ടിയുടെ ആക്രമണത്തിൽ കാലിൽ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗൺസിലറെ പട്ടി കടിച്ച് പരിക്കേൽപ്പിച്ചു. ഇതിനിടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിൽ കയറിയതുകൊണ്ടാണ് കൂടുതൽ കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് വനിതാസംരക്ഷണ ഓഫീസർ പറഞ്ഞു. ബഹളംകേട്ടെത്തിയ നാട്ടുകാർ പട്ടിയെ ഓടിച്ചുവിടുകയായിരുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും ജോസ് ഇടപെട്ടില്ല. 

ഇനി പൊലീസിനോട് കാര്യങ്ങൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞതോടെയാണ് ജോസ് പട്ടിയെ പിടിക്കാൻ തയ്യാറായത്. നാജിയ ഷിറിനും മായയും കല്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിനുശേഷം മേപ്പാടി എസ്.ഐ. വി.പി. സിറാജ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വീട്ടിൽ സ്ഥിരംപ്രശ്നക്കാരനാണ് ജോസെന്നും പൊലീസ് പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com