കുതിച്ചു പാഞ്ഞ് വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു ( വീഡിയോ)

സി2 കോച്ചിലെത്തി, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി അല്‍പ്പനേരം സംവദിച്ചു
വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു/ എഎന്‍ഐ
വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു/ എഎന്‍ഐ

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഇനി കേരളത്തിലൂടെ ചൂളം വിളിച്ചു പായും. കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

10.50 ഓടെ  തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നേരെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. തുടര്‍ന്ന് വന്ദേഭാരത് ട്രെയിനിന് അകത്തേക്ക് മോദി കയറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി അല്‍പ്പനേരം സംവദിച്ചു. ഇതിനു ശേഷമായിരുന്നു വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെ മോദി അഭിവാദ്യം ചെയ്തു.

നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അല്‍പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 

തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചു കൂടിയിരുന്നത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡരികില്‍ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്. 

വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിൽ മത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്ര ചെയ്തത്. ആദ്യയാത്രയിൽ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിർത്തുന്നത്. ട്രെയിൻ സ്ഥിരമായി സർവീസ് നടത്തുമ്പോൾ 8 സ്റ്റോപ്പുകളാണ് ഉള്ളത്. സ്ഥിരം സ്റ്റോപ്പുകളില്ലാത്ത കായംകുളം,ചെങ്ങന്നൂർ തിരുവല്ല,  ചാലക്കുടി,തിരൂർ, തലശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലും വന്ദേഭാരത് ഇന്ന് നിർത്തും. ഈ സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ മുതലാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com