

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്.
കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ്.
തുടർന്ന് 10.50 വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും. രാവിലെ 11-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും.
റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates