

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സ് ക്യാമറ (എഐ ക്യാമറ)യുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശന്‍. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലോ പൊതുജനമധ്യത്തിലോ ലഭ്യമല്ലാ എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ പദ്ധതി സംബന്ധിച്ചു തനിക്ക് ലഭ്യമായ രേഖകള്‍ പരിശോധിച്ചപ്പോള്‍, മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ക്യാമറകള്‍ വാങ്ങിയതെന്നും, കരാര്‍ കമ്പനികളെ തെരഞ്ഞെടുത്തതിൽ സുതാര്യത പുലര്‍ത്തിയിട്ടില്ലെന്നും മനസിലാക്കാനായി.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തെരെഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തെരഞ്ഞെടുക്കുന്നതും മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹതയുണ്ട്. ധനവകുപ്പിന്റെ എതിര്‍പ്പുകളെ പോലും മറികടന്നുകൊണ്ട് കെല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏല്‍പിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ ഈ പദ്ധതിയുടെ കരാര്‍ എസ് ആർഐടി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് 151 കോടി രൂപയ്ക്ക് നൽകി. എസ് ആർഐടി കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കി.
ഇതില്‍നിന്നും എസ് ആർഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് വ്യക്തമാണ്. കെല്‍ട്രോണ്‍ നല്‍കിയ ടെന്‍ഡറില്‍ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭായോഗ കുറിപ്പില്‍ പോലും വ്യക്തമാക്കാത്തത് ജനങ്ങളില്‍ ദുരൂഹത വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നും കത്തിൽ സതീശൻ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates