സെറ്റിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല; നിര്‍മ്മാതാക്കളെ തള്ളി ഫെഫ്ക; പരസ്യമായ രഹസ്യമെന്ന് അമ്മ

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th April 2023 12:01 PM  |  

Last Updated: 26th April 2023 12:01 PM  |   A+A-   |  

sreenath_bhasi_shane_nigam

ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം

 

കൊച്ചി: സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി ഫെഫ്ക രംഗത്ത്. സിനിമാ ലൊക്കേഷനുകളിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനം വിളിച്ചത് രണ്ടു യുവനടന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് പറയാനാണ്. യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും ഫെഫ്ക ഭാരവാഹികള്‍ ആരോപിക്കുന്നു. സിനിമാ സെറ്റില്‍ രാസലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക സര്‍ക്കാരിന് നല്‍കുന്നതില്‍ ഫെഫ്കയ്ക്ക് എതിര്‍പ്പുണ്ടെന്നാണ് സൂചന. വ്യക്തമായ തെളിവില്ലാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കെതിരെ പരാതി നല്‍കാനാകുമോയെന്നും ഫെഫ്ക ചോദിക്കുന്നു. 

അതേസമയം സിനിമാ സെറ്റിലെ രാസലഹരി ഉപയോഗത്തില്‍ ഉറച്ച് താരസംഘടനയായ അമ്മ രംഗത്തു വന്നു. രാസലഹരി പരസ്യമായ രഹസ്യമാണ്. രാസലഹരിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. ലഹരി ഉപയോഗം നിര്‍മ്മാതാക്കള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതിയാണ്. വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞത് അവരുടെ ആശങ്കയാണെന്നും അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു. 

ഇന്നലെ കൊച്ചിയിലാണ് അമ്മയുടെയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും യോഗം ചേര്‍ന്നത്. യോഗത്തില്‍ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ന്‍ നിഗത്തേയും സിനിമകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ സെറ്റില്‍ ലഹരി ഉപയോഗം കൂടിയതായും നിരവധി പേര്‍ സെറ്റില്‍ ലഹരി ഉപയോഗിച്ച് എത്താറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സിനിമയിലെ ലഹരി: വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം; പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ