

കോഴിക്കോട്: സാര്‍ വേറെയെവിടെയും പോകരുത്, ഞങ്ങളെ സാര്‍ തന്നെ പഠിപ്പിക്കണം..., സ്‌നേഹനിധിയായ സാര്‍ വേറെ സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുന്നത് അറിഞ്ഞ് കൂട്ടക്കരച്ചിലിനിടെ വിദ്യാര്‍ഥികള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ കാര്യമാണിത്. 'ഇത് നിങ്ങളുടെ നാലാംക്ലാസിലെ പുതിയ ക്ലാസ് ടീച്ചര്‍. പേര് ജീഷ്മ. എന്റെ മാതാവിന്റെ അസുഖം കാരണം ഞാന്‍ നാട്ടിലെ സ്‌കൂളിലേക്ക് പോവുകയാണ്...' അധ്യാപകന്‍ പറഞ്ഞു തീര്‍ക്കുന്നതിന് മുന്‍പാണ് ക്ലാസിലെ കുട്ടികള്‍ കരയാന്‍ തുടങ്ങിയത്.
ക്ലാസില്‍നിന്ന് പുറത്തിറങ്ങിയ അധ്യാപകന് പിന്നാലെ വിദ്യാര്‍ഥികള്‍ വരാന്തയിലെത്തി. കുട്ടികള്‍ പിരിഞ്ഞുപോകുന്നില്ലെന്നു കണ്ടതോടെ മാതാവിന്റെ അസുഖംമാറിയാല്‍ വീണ്ടും സ്‌കൂളിലേക്ക് തിരിച്ചുവരുമെന്ന്, വിദ്യാര്‍ഥികളെ ആശ്വസിപ്പിക്കാനായി അധ്യാപകന്‍ പറഞ്ഞു. എന്നിട്ടും കുട്ടികള്‍ കരച്ചില്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ വന്നതോടെ, നാളെ തന്നെ ഉറപ്പായി വരാമെന്നും അധ്യാപകന്‍ പറയുന്നുണ്ട്.
കോഴിക്കോട് കല്ലാച്ചി ഗവ. യു പി സ്‌കൂളാണ് അധ്യാപകനും കുട്ടികളും തമ്മിലുള്ള സ്‌നേഹ പ്രകടനത്തിന്റെ വേദിയായത്. അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ കാക്കുനി സ്വദേശി ഇ കെ കുഞ്ഞബ്ദുല്ല (49) തന്റെ സ്ഥലംമാറ്റവിവരം ക്ലാസില്‍ പറഞ്ഞപ്പോഴാണ് കുട്ടികള്‍ എത്രമാത്രം അധ്യാപകനെ സ്‌നേഹിക്കുന്നുണ്ട് എന്ന കാര്യം വ്യക്തമായത്.
2016 മുതല്‍ കുഞ്ഞബ്ദുല്ല കല്ലാച്ചി ഗവ. യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗത്തില്‍ അധ്യാപകനായി ജോലിചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളുമായി അടുത്തബന്ധം പുലര്‍ത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തുവരുകയാണ്. വിദ്യാര്‍ഥികളുമായുള്ള ബന്ധത്തിന്റെ വ്യാപ്തി അറിയാവുന്നതുകൊണ്ട് സ്ഥലംമാറ്റവിവരം ആരെയും അറിയിച്ചിരുന്നില്ല. മാതാവിന്റെ അസുഖം കാരണം വീടിനടുത്തുള്ള അരമ്പോള്‍ ഗവ. എല്‍ പി സ്‌കൂളിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. പകരം അധ്യാപിക വന്നപ്പോഴാണ് പലരും കുഞ്ഞബ്ദുല്ലയുടെ സ്ഥലംമാറ്റവിവരം അറിയുന്നത്.
വരാന്തയില്‍നിന്നും വിദ്യാര്‍ഥികള്‍ കരയുന്ന രംഗവും അധ്യാപകന്‍ അവരെ ആശ്വസിപ്പിക്കുന്നതും സ്‌കൂള്‍ അധ്യാപിക മൊബൈലില്‍ പകര്‍ത്തി. 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തു. ഇതോടെയാണ് അധ്യാപകന്റെ സ്ഥലംമാറ്റവും വിദ്യാര്‍ഥികളുടെ കരച്ചിലും വൈറലായത്.
'ചുറ്റും കൂടികരയുന്നത് സ്വന്തം വീട്ടിലെ കുട്ടികളല്ല- ഇതുവരെ പഠിപ്പിച്ച ഗുരുനാഥന്‍ സ്ഥലം മാറിപ്പോകുന്നതില്‍ കരള്‍ പിടയുന്ന നാദാപുരം ഗ്രാമ പഞ്ചായത്തിലെ കാല്ലാച്ചി ഗവ യു പി സ്‌കൂളിലെ കുട്ടികളാണ്. പ്രിയപ്പെട്ട കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നിങ്ങളുടെ അധ്യാപകജീവിതം ധന്യമാണ്.'- വി വി മുഹമ്മദലി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates