കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിനും കേസെടുക്കാം: ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 06th August 2023 03:30 PM |
Last Updated: 06th August 2023 03:30 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കൊച്ചി: അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാം. കേസ് റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല.
സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദ്ദേശം മാത്രമാണ്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.
ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഗ്രാമസേവിക തിരിമറി നടത്തിയെന്നായിരുന്നു കേസ്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരെ പ്രതി ചേർത്തായിരുന്നു വിജിലൻസിന്റെ കുറ്റപത്രം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കേസിൽ നിന്നും ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഉദ്യോഗസ്ഥരോട് വിചാരണ നേരിടാൻ ഉത്തരവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
അക്രമസമരത്തിനില്ല; എന്‍എസ്എസിന്റേത് അന്തസ്സായ തീരുമാനം: ഗണേഷ് കുമാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ