മരിച്ചത് വൈപ്പിന്‍ സ്വദേശി രാജീവന്‍; കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു 

By സമകാലിക മലയാളം ഡെസ്ക്   |   Published: 13th August 2023 02:43 PM  |  

Last Updated: 13th August 2023 02:43 PM  |   A+A-   |  

rajeevan

മൃതദേഹം പൊലീസ് വയലില്‍ നിന്നും കണ്ടെടുത്തപ്പോള്‍/ ടിവി ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വൈപ്പിന്‍ സ്വദേശി രാജീവന്റേതാണ് മൃതദേഹം. ഇയാളുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. 

പെയിന്റിംഗ് തൊഴിലാളിയായ രാജീവന്‍ കഴിഞ്ഞ 30 വര്‍ഷമായി അരിക്കുളത്ത് കുടുംബസമേതം താമസിച്ചുവരികയാണ്. കൊലപാതകം ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നു. മരണകാരണം സംബന്ധിച്ച് ഫൊറന്‍സിക് പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട് എന്നും കമ്മീഷണര്‍ പറഞ്ഞു. 

രാവിലെയാണ് ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് വയലില്‍ നിന്നും അരയ്ക്ക് മുകളിലേക്കുള്ള മറ്റു ശരീര ഭാഗങ്ങളും കണ്ടെത്തിയത്. അരയ്ക്ക് മുകളിലുള്ള ഭാഗവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. 

നാട്ടുകാരാണ് രാവിലെ ഒരു കാല്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കാലും കിട്ടിയത്. പുല്ലുകള്‍ നിറഞ്ഞ വയലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു. കാല്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഉറവ വറ്റാത്ത നന്മ'; കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ