

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബിനാമി ഇടപാടിലൂടെ ആറ് കോടിയിലധികം വിലമതിക്കുന്ന ഭുമിയും അഢംബര റിസോര്‍ട്ടും ചിന്നക്കനാലില്‍ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതിവെട്ടിച്ചുകൊണ്ടാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രജിസ്റ്റര്‍ ചെയ്ത ഭുമിക്ക് വിലയായി കാണിച്ചത് 1,92,60,000 രൂപയാണ്. എന്നാല്‍ പിറ്റേ ദിവസം കുഴല്‍ നാടന്‍ സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്കുള്ള അന്‍പത് ശതമാനം ഷെയറില്‍ മാര്‍ക്കറ്റ് വില കാണിച്ചിരിക്കുന്നത് മൂന്ന് കോടി അന്‍പത് ലക്ഷം രൂപയാണ്. ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമാണ് തട്ടിപ്പ് നടത്തിയതെന്ന് സിഎന്‍ മോഹന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്ത് സമ്പാദ്യമായി കാണിച്ചത്23 കോടി രൂപയുടെ വസ്തുവകകളാണ്. എന്നാല്‍ അദ്ദേഹം ഇതിന്റെ വരുമാനസ്രോതസ് വെളിപ്പെടുത്തിയിട്ടില്ല. അനധികൃതസമ്പാദ്യം വെളുപ്പിക്കുന്നതിനായി സത്യവാങ്മൂലത്തില്‍ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചതാണെന്നും അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും വിജിലന്‍സിനും പരാതി നല്‍കിയതായി സിഎന്‍ മോഹനന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനൻ പറഞ്ഞു. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യം.
മൂവാറ്റുപുഴ മണ്ഡലത്തിലുള്ളവരാണ് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുള്ളതുകൊണ്ടാണ് സാധ്യമായ രീതിയില്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതെന്നും മോഹനന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates