പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ എവിടെയെങ്കിലും ഉണ്ടോ?, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി 

ഗവര്‍ണര്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍/ ഫയല്‍
പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്. പ്രതിഷേധത്തിന് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ എവിടെയെങ്കിലും ഉണ്ടോ? ഏതെല്ലാം കഠിന പദങ്ങളാണ് കുട്ടികള്‍ക്ക് നേരെ ഗവര്‍ണര്‍ ഉപയോഗിക്കുന്നത്? സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു എന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് കത്ത് അയക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്. ശരിയായ രീതിയാണോ അത്. ഗവര്‍ണര്‍  ആയിരിക്കുന്നയാള്‍ അങ്ങനെ എന്തും വിളിച്ചു പറയാമോ?.  അത് എവിടെ വരെ എത്തി. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിച്ച് 'ബ്ലഡി കണ്ണൂര്‍' എന്ന് പറയുന്ന നിലയുണ്ടായി. ഒരു ഭരണാധികാരി അങ്ങനെ ചെയ്യുമോ? കേരളത്തിന്റെ അന്തരീക്ഷം ശാന്തമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാന നില നല്ലനിലയിലുള്ള സംസ്ഥാനമാണ് കേരളത്തിന്റേത്. അത് പൂര്‍ണമായി ഇല്ലാതെയാക്കി, കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുതായാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. അതാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചത്. മാത്രമല്ല, എന്താണ് അവരുടെ നേരെ വിളിച്ചുപറയുന്നത്. ക്രിമിനല്‍സ്, ബ്ലഡി, റാസ്‌ക്കല്‍സ് എന്നൊക്കെയുള്ള എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്.അങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ വിധത്തിലാണോ ചെയ്യേണ്ടത്.  സാധാരണ അങ്ങനെയാണോ സമീപിക്കുക. ആ തരത്തില്‍ നേരിട്ട് കൈകാര്യം ചെയ്യാനാണോ ഉന്നതസ്ഥാനമുള്ളത്. അതിന് അതിന്റേതായ വഴികളുണ്ട്. ആ വഴികള്‍ സ്വീകരിക്കുക. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നോക്കാനാണല്ലോ നിയമപാലനത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളത്, അവര്‍ നോക്കില്ലെ.എന്തും വിളിച്ചു പറയാനുള്ള മാനസീകാവസ്ഥയില്‍ അദ്ദേഹം എത്തി.വ്യക്തിപരം മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

' ബ്ലഡി കണ്ണൂര്‍ എന്നാണ് പറയുന്നത്. ചില കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കാന്‍ പുറപ്പെടുന്നതും കാണുന്നതുണ്ട്. അവരുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്രസംസ്ഥാന ബന്ധം വഷളാക്കുക അല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ തിരുത്തിക്കാനുള്ള ഇടപെടല്‍ വേണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. വളരെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ ഒരു കലുഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്' -മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന് വേറെ എന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം തന്നെ പ്രചാരണം നടത്തുന്നു.ഇതുപോലൊരു വ്യക്തിയെ മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകും.വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമായി. അതിനുള്ള നടപടി സ്വീകരിക്കും. ആ നിലയിലാണ് കാര്യങ്ങളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com