സില്‍വര്‍ ലൈന്‍ റെഡ് സിഗ്നലില്‍ തന്നെ; എയിംസ് കിട്ടാക്കനി, ബജറ്റില്‍ കേരളത്തിന് നിരാശ; ക്രൂരമായ അവഗണനയെന്ന് ബാലഗോപാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 06:08 PM  |  

Last Updated: 01st February 2023 06:08 PM  |   A+A-   |  

nirmala-balagopal

കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരണത്തിന് എത്തുന്നു, കെഎന്‍ ബാലഗോപാല്‍/ഫയല്‍


 

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാന്‍ കഴിയുക. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ബജറ്റിലെ പ്രധാന പദ്ധതി.

സ്‌കില്‍ സെന്ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കും. അസംസ്‌കൃത റബറിന്റെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ശബരി റെയില്‍പാതയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം നല്‍കും. ഇതൊഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ഒന്നുമില്ല. 

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സെന്റര്‍ ഇത്തവണയെങ്കിലും ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. പുതിയ എയിംസിന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. 

പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്കു നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് കേരളത്തിന്റെ ആവശ്യമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റില്‍ അവയൊന്നും ഇടംപിടിച്ചില്ല.

മൂന്നു ലക്ഷംപേര്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍ ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്. ഇവര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ക്ഷേമ പെന്‍ഷനുകളില്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. 

ക്രൂരമായ അവഗണന: കെ എന്‍ ബാലഗോപാല്‍ 

ബജറ്റിന് എതിരെ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ താഴേത്തട്ടില്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര പദ്ധതികളുടെ തുക വെട്ടിക്കുറച്ചെന്നും ധനമന്ത്രി പറഞ്ഞു. റെയില്‍വേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റില്‍ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റില്‍ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റില്‍ 1.57 ലക്ഷം കോടിയായി കുറഞ്ഞു. ധാന്യങ്ങള്‍ കര്‍ഷകരില്‍നിന്നും സംഭരിക്കുന്നതിനു പ്രതിഫലമായി നല്‍കുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികള്‍ക്കുള്ള പണം ഇന്‍പുട് അടിസ്ഥാനത്തില്‍ നല്‍കിയിരുന്നത് റിസല്‍ട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ഗുണഫലം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ പണം വീതം വയ്ക്കുന്നതില്‍ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നത്. പല മേഖലകളിലും  സംസ്ഥാനം വികസിച്ചതാണ് പണം കുറയ്ക്കാന്‍ കാരണമായി പറയുന്നത്. കേരളത്തെക്കാള്‍ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ ഗുണഫലം നോക്കി ഫണ്ടു തരുമെന്നു പറയുന്നതിലൂടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു എന്നാണ് കരുതേണ്ടത്. പഞ്ചായത്ത് തലത്തിലടക്കം സഹകരണമേഖലയിലേക്ക് കേന്ദ്രം കടന്നു കയറുന്നു. സഹകരണ മേഖലയെ കേന്ദ്രം ലക്ഷ്യമിടുന്നു. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ബജറ്റിലെ പല പ്രഖ്യാപനങ്ങളെന്നും ധനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 15.5 ലക്ഷം വരുമാനമുള്ളവര്‍ക്ക് 52,500 രൂപയുടെ നേട്ടം, ഏഴുലക്ഷം വരുമാനമുളളവര്‍ക്ക് 33,800 രൂപയുടെ കിഴിവ്; പുതിയ ഇളവ് ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ