'മരിച്ചാലും ആറടി മണ്ണ് ലഭിക്കണമെന്നില്ല..., ഒരു മനുഷ്യ സ്‌നേഹിയുടെ കനിവ്.'; നന്മയുടെ കുറിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 02:33 PM  |  

Last Updated: 05th February 2023 02:33 PM  |   A+A-   |  

BABU

ആർട്ടിസ്റ്റ് രാജീവ് കോയിക്കൽ വരച്ച ബാബുവിന്റെ ചിത്രം, വിനോദ് കുമാർ

 

റടി മണ്ണിന്റെ ജന്മി എന്നു കേട്ടിട്ടില്ലേ...,ജീവിക്കുന്ന സമയത്ത് ഒരു തുണ്ട് ഭൂമി പോലും ഇല്ലെങ്കിലും മരിച്ച് കഴിഞ്ഞാല്‍ ഉറപ്പായും ആറടി മണ്ണ് ലഭിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാചകത്തിന്റെ പ്രസക്തി . എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ പോലും ആ ആഗ്രഹം നടക്കാന്‍ പ്രയാസം നേരിട്ടവരും ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചില മനുഷ്യ സ്‌നേഹികള്‍ 'അവതരിക്കും', അവരുടെ നന്മയിലൂടെ നിത്യതയില്‍ ശാന്തമായി കണ്ണടച്ചവര്‍ നിരവധി. സമാനമായ ഒരു സംഭവമാണ് ആലപ്പുഴയില്‍ അരങ്ങേറിയത്. കഥ ഇങ്ങനെ.

ആലപ്പുഴ നൂറനാട് പ്രദേശത്ത് ചെറുപ്പകാലം മുതല്‍ സുപരിചിതനായിരുന്ന ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളാണ് സനു എന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ കഥയ്ക്ക് പിന്നിലുള്ളത്. കടത്തിണ്ണയില്‍ സ്ഥിരമായി ഉറങ്ങിയിരുന്ന ബാബുവിനെ, കഴിഞ്ഞ ദിവസം കടത്തിണ്ണയില്‍ തന്നെ മരിച്ചനിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ ശവസംസ്‌കാരം നടത്താന്‍ പഞ്ചായത്ത് അധികാരികള്‍ ശ്രമിച്ചപ്പോള്‍ പരിസരവാസികള്‍ എതിര്‍ത്തു. നന്മ മരിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മുന്നോട്ടുവരുന്നതാണ് കഥാന്ത്യം. അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 

കുറിപ്പ്: 

ആറടി മണ്ണിന്റെ ജന്മി എന്നു കേട്ടിട്ടില്ലെ, എന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ പോലും ആ ആഗ്രഹം നടക്കാന്‍ പ്രയാസമാണ്, ചില മനുഷ്യ സ്‌നേഹികള്‍ കനിഞ്ഞില്ലെങ്കില്‍... നിങ്ങളീ കഥ കേള്‍ക്കണം.
ഒന്നാമത്തെ ചിത്രം ബാബുവിന്റേതാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പ്രദേശത്ത് ചെറുപ്പം മുതല്‍ കാണുന്നയാളാണ്. ചെറുപ്പകാലത്തെന്നോ അലഞ്ഞുതിരിഞ്ഞ് ഈ നാട്ടില്‍ വന്നുചേര്‍ന്നതാണ്. വിറകുവെട്ടാണ് പണി. ആഹാരമാണ് കൂലി. കടത്തിണ്ണകളിലാണ് കിടപ്പ്. 
കഴിഞ്ഞ ദിവസം ബാബുവിനെ മരിച്ച നിലയില്‍ ഒരു കടത്തിണ്ണയില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ ശവസംസ്‌കാരം നടത്താന്‍ പഞ്ചായത്ത് അധികാരികള്‍ ശ്രമിച്ചപ്പോള്‍ പരിസരവാസികളായ ചിലര്‍ ശക്തമായ എതിര്‍പ്പുമായി വന്നു. അനാഥശവം മറവുചെയ്താല്‍ അനാഥപ്രേതം വന്നാലോ... അത്രക്ക് ദണ്ണമാണെങ്കില്‍ നിന്റെയൊക്കെ വീട്ടുപറമ്പില്‍ അടക്കിക്കൂടെ എന്ന്, അവരില്‍ പ്രമാണി പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചു.
രണ്ടാമത്തെ ചിത്രം പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് വിനോദിന്റേതാണ് ( Vinod Kumar B ). അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 
ഇത്തരം ചെറിയചെറിയ നന്മകളുടെ ആകത്തുകയിലാണ് മനുഷ്യകുലം നിലകൊള്ളുന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ  

'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ