'ബോധരഹിതനായി കിടക്കുന്നവര്‍ക്ക് വെള്ളം നല്‍കണമെങ്കില്‍ എംഎല്‍എ ഒരു കത്തുതരൂ'; മന്ത്രിയുടെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2023 11:08 AM |
Last Updated: 06th February 2023 11:08 AM | A+A A- |

റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ബോധരഹിതനായി കിടക്കുന്നവര്‍ക്ക് വെള്ളം നല്‍കണമെങ്കില്‍ എംഎല്‍എ ഒരു കത്തുതരൂ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. കുടിവെള്ളത്തിന്റെ വിലവര്‍ധനവുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ഉന്നയിച്ച് എംഎല്‍എ പിസി വിഷ്ണുനാഥ് എംഎല്‍എയുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി. 'കറന്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന വാര്‍ത്ത കേള്‍ക്കുന്ന ഒരാള്‍, അതിന് ശേഷം പെട്രോള്‍, ഡീസല്‍ സെസിന്റെ വര്‍ധനവിനെ കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കുന്നു. അതുമൂലം വിലക്കയറ്റം ഉണ്ടാകുന്നുവെന്നറിഞ്ഞ് അയാള്‍ ബോധം കെട്ടുവീഴുന്നു. വെളളം അധികം തളിക്കണ്ട. വെളളത്തിന്റെ ചാര്‍ജ് കൂട്ടിയുണ്ട്'. എന്നതാണ് കാര്‍ട്ടൂണ്‍. ബോധം കെട്ടവന്റെ മേല്‍ തളിക്കാന്‍ കഴിയാത്തപോലും വര്‍ധനവാണ് വെള്ളത്തിനുണ്ടായത്. അത് പിന്‍വലിക്കാന്‍ കഴിയുമോ എന്നതായിരുന്നു പിസി വിഷ്ണുനാഥിന്റെ ചോദ്യം.
ഒരുലിറ്റര്‍ കുടിവെള്ളത്തിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി അതിന്റെ തുടക്കം മുതല്‍ റവന്യൂ കമ്മിയിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിയെ റവന്യൂ കമ്മി നികത്താന്‍ സഹായിക്കുന്നത്. അംഗീകൃത താരീഫ് അനുസരിച്ച് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന വാട്ടര്‍ ചാര്‍ജാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രധാന വരുമാനമാര്‍ഗം. 1000 ലിറ്റര്‍ കുടിവളള ഉത്പാദനപ്രസരണ ചെലവ് 22. 85 രൂപയും ആയിരം ലിറ്റര്‍ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കുമ്പോള്‍ 11 രൂപയിലധികം നഷ്ടമുണ്ടാകുന്നതായും മന്ത്രി പറഞ്ഞു.
വര്‍ഷാവര്‍ഷം വര്‍ധിച്ചുവരുന്ന വൈദ്യുതി ചാര്‍ജ്, ശമ്പളം, പെന്‍ഷന്‍ തുടങ്ങി എന്നിവയ്ക്ക് അനുസൃതമായി വാട്ടര്‍ ചാര്‍ജില്‍ വര്‍ധനവുണ്ടാകുന്നില്ല. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ 4911.42 കോടിയാണ് വാട്ടര്‍ അതോറിറ്റിയുടെ സഞ്ചിത നഷ്ടം. കെഎസ്ഇബിയ്ക്ക് 1163.43 കോടി നല്‍കാനുണ്ട്. മറ്റുപല വകയില്‍ വന്‍തോതില്‍ തുക നല്‍കാനുള്ള സാഹചര്യത്തിലാണ് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ തീരുമാനിച്ചത്.
തന്നെ നിരവധി ആളുകള്‍ ഫോണ്‍ ചെയ്യാറുണ്ട്.വാട്ടര്‍ ചാര്‍ജുമായി ബന്ധപ്പെട്ടവിഷയത്തില്‍ നാളിതുവരെ ഒരുഫോണ്‍ കോള്‍ സാധാരണക്കാരന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. ജനങ്ങളെ അധികഭാരം അടിച്ചേല്‍പ്പിക്കലല്ല, ഭാവിയിലേക്ക് ജനങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന മാര്‍ഗം ചെറുതായി സ്വീകരിച്ചെന്ന് മാത്രമേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?; സൈബിയോട് ഹൈക്കോടതി, അറസ്റ്റ് തടയില്ല
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ