കോടതിയെ കളിയാക്കുകയാണോ?; ഏറെയും സർക്കാരിലെ ഉന്നതരുടെ മുഖമുള്ള ഫ്ലെക്സുകൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 11:57 AM  |  

Last Updated: 07th February 2023 11:57 AM  |   A+A-   |  

High court

ഹൈക്കോടതി

 

കൊച്ചി: പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ലെക്‌സുകളും കൊടികളും നീക്കംചെയ്യാത്ത സർക്കാരിന്റെ അലംഭാവത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എന്തും ചെയ്യാമെന്ന് കരുതരുത്. സർക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ലെക്‌സാണ് ഏറെയും.  കോടതിയെ കളിയാക്കുകയാണോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

അനധികൃത ബോർഡുകളും ഫ്ലെക്സും കൊടികളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. കോടതി ക്ഷമ കാണിക്കുന്നത് ബലഹീനതയായി കാണരുത്.  നിയമം സർക്കാർ തന്നെ ലംഘിക്കുമ്പോൾ ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോൽപ്പിക്കാമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് എന്തൊരു ധൈര്യമാണെന്നും കോടതി ചോദിച്ചു. 

ബോർഡുകളും കൊടികളും നീക്കംചെയ്യാൻ ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിനെയും കോടതി വിമർശിച്ചു. കൊച്ചിയിൽ വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോർഡുകൾവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയൽചെയ്യാൻ നിർദേശിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി നൽകിയ റിപ്പോർട്ടിലും സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സയെന്ന് വീണാ ജോര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ