ഇനി ഒരു ജീവനും റോഡില്‍ പൊലിയരുത്; കര്‍ശന നടപടി വേണം; ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 03:28 PM  |  

Last Updated: 10th February 2023 03:30 PM  |   A+A-   |  

High court

ഹൈക്കോടതി

 

കൊച്ചി: കൊച്ചിയില്‍ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. റോഡില്‍ ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ ഡിസിപി ശശിധരന്‍ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കി

സ്വകാര്യബസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് ഡിസിപി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. എംഡിഎംഎ അടക്കം ഉപയോഗിച്ച് ബസ് ഓടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ഇത്തരം ബസുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സമരവുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും ഡിസിപി കോടതിയെ അറിയിച്ചു. 

അപകടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ എല്ലാ പിന്തുണയും ഉണ്ടാകും. ഇനിയൊരു ജീവനും റോഡില്‍ പൊലിയാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് റോഡ് സേഫ്റ്റി സംവിധാനത്തിന്റെ തകര്‍ച്ചയെ കൂടിയാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 23ലേക്ക് മാറ്റി

വെള്ളിയാഴ്ച രാവിലെ മാധവഫാര്‍മസി ജങ്ഷനിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ആന്റണി എന്നയാളാണ് മരിച്ചത്. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്‌നലില്‍ നിന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ വേഗത്തില്‍ പായുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ