'ശിവശങ്കറിന് മാത്രം അറിയാവുന്ന രഹസ്യങ്ങളുണ്ട്'; ലൈഫ് മിഷന്‍ കേസില്‍ അഞ്ചാം പ്രതി, യദുകൃഷ്ണനും പ്രതിപ്പട്ടികയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 12:03 PM  |  

Last Updated: 15th February 2023 12:09 PM  |   A+A-   |  

m-sivasankar

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. 

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ശിവശങ്കറിനെ എറണാകുളം ജനറല്‍ ആശുപ്തരിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്‌നയുടെ മൊഴി. സരിത്, സന്ദീപ് എന്നിവര്‍ക്കായി 59 ലക്ഷം രൂപയും നല്‍കി.

അതിനിടെ കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണന്‍ എന്നയാളെയും ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്. യദു കൃഷ്ണന് മൂന്നു ലക്ഷം രൂപ കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണ് ഈ തുക ലഭിച്ചത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കണ്ടെടുത്തു. ഇതോടെ കേസില്‍ ആറുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. 

ശിവശങ്കര്‍ കുറ്റക്കാരനാണെന്നതിന് സാങ്കേതിക തെളിവുകള്‍ കൈവശമുണ്ടെന്ന് തെളിവുണ്ടെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശിവശങ്കറിന്റെ ഫോണില്‍ നിന്നും ശേഖരിച്ച വാട്‌സ് ആപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണ്. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന മറുപടികള്‍ നല്‍കി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങളുണ്ട്. ഇതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി സൂചിപ്പിക്കുന്നു.

 'മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരുന്നു'

ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നു? മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീം കോടതിയിൽ പോയതെന്നും വി ഡി സതീശൻ ചോദിച്ചു.

സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷൻ കോഴകേസില്‍ സത്യം പുറത്തുവരുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുകയാണ്. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.  ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്‍റെ  ഭാഗമായാണ് കേസുകൾ ഇത്രയും കാലം കോൾഡ് സ്റ്റോറേജിൽ വച്ചത്. ഇപ്പോൾ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മരണപ്പാച്ചിലില്‍' പരാതി നല്‍കാന്‍ വാട്‌സ്ആപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ