'മരണപ്പാച്ചിലില്‍' പരാതി നല്‍കാന്‍ വാട്‌സ്ആപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 09:25 AM  |  

Last Updated: 15th February 2023 09:25 AM  |   A+A-   |  

bus strike

ഫയല്‍ ചിത്രം

 

കൊച്ചി:  സ്വകാര്യബസുകളുടെ  മത്സരയോട്ടവും നിയമലംഘനങ്ങളും പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. ഇതിനായി വാട്‌സ് ആപ്പ് നമ്പര്‍ നിലവില്‍ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികള്‍ അറിയിക്കേണ്ടത്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി 28നകം എല്ലാ സ്‌റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും. 

ബസില്‍ നിന്നും റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ക്യാമറ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും അതോറിറ്റി നല്‍കും. കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. 

വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏര്‍പ്പെടുത്തും. സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ചു നല്‍കും. ബസിന്റെ ഫിറ്റ്‌നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും.

മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ബസില്‍ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണം. 

ബസിനകത്തും പ്രസക്തമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതി നല്‍കുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാര്‍ച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറു മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനവും കൗണ്‍സലിംഗും നല്‍കും. റിഫ്രഷര്‍ കോഴ്‌സുകളുമുണ്ടാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ആറു മാസത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ദീര്‍ഘ ദൂര കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയില്‍ െ്രെഡവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ബസുകളുടെ റണ്ണിംഗ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ബസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. 

ട്രാഫിക് റൂട്ടുകള്‍ പരിഷ്‌ക്കരിക്കുന്ന ഘട്ടത്തില്‍ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ