ദിലീപിനു തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാം; സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 11:54 AM |
Last Updated: 17th February 2023 11:55 AM | A+A A- |

ദിലീപ്, മഞ്ജു വാര്യര്‍/ഫയല്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്കു മാറ്റി.
കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതില്‍ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ 30 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോ, പാര്‍ട്ടിയുമായി ബന്ധമില്ല'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ