കല്ല് കൊണ്ട് മുഖത്തടിച്ചു, ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 10:57 AM |
Last Updated: 17th February 2023 10:58 AM | A+A A- |

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട് ചെങ്കോട്ടയ്‌ക്കെടുത്ത് പാവൂര്‍ഛത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ തിരുനെല്‍വേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവം. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അക്രമിയില്‍ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.
തെങ്കാശിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പാവൂര്‍ഛത്രം. ഒറ്റപ്പെട്ട പ്രദേശമാണിത്. അക്രമിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ