മുഖ്യമന്ത്രിയെ താടകയോട് ഉപമിച്ച് കെ സി വേണുഗോപാല്‍; 'വായു മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 02:04 PM  |  

Last Updated: 19th February 2023 02:04 PM  |   A+A-   |  

kc venugopal

കെ സി വേണുഗോപാല്‍ / ഫയൽ

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കനത്ത സുരക്ഷയില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 'അവളെ പേടിച്ചാരും നേര്‍വഴി നടന്നീല്ലെന്ന് താടകയെ കുറിച്ച് പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥ'യെന്ന് കെ സി വേണുഗോപാല്‍ പരിഹസിച്ചു. 

തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തില്‍ ഇതാദ്യമാണ്. വായുമാര്‍ഗം പോലും മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെ സി പറഞ്ഞു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലില്‍ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.  

അതേസമയം, മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നാല് കെഎസ്‌യു-യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിനും വസ്ത്രങ്ങള്‍ക്കും കോളജ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. 

ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോളജിന് സമപീം കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടിട്ടുണ്ട്. ഐഡി കാര്‍ഡ് ഉള്ളവരെ മാത്രമാണ് കോളജിന് അകത്തേക്ക് കയറ്റി വിടുന്നത്.

നേരത്തെ, കൊച്ചിയിലും പാലക്കാടും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്ക് എതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല; മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്: ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ