കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ നടപടി: സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 09:23 PM  |  

Last Updated: 21st February 2023 09:23 PM  |   A+A-   |  

kapiko_resort

ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 28നകം റിസോര്‍ട്ട് പൊളിച്ചു നീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍, വിധി പുറപ്പെടുവിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഉടമകളില്‍ നിന്ന് പണം ഈടാക്കിയാണ് റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതെന്നും പ്രകൃതിക്ക് കുഴപ്പം സംഭവിക്കാത്ത തരത്തില്‍ പൊളിച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് നടപടികള്‍ വൈകാന്‍ കാരണമായി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 2022 സെപ്റ്റംബര്‍ 15 മുതലാണ് കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങിയത്. ആദ്യം രണ്ടു വില്ലകളാണ് പൊളിക്കാന്‍ തീരുമാനിച്ചത്.

റിസോര്‍ട്ടിനായി കൈയേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ആലപ്പുഴ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതില്‍ ശേഷിച്ച 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ പൊലീസുകാരുടെ ക്രിമിനല്‍ ബന്ധം, റാങ്ക് വ്യത്യാസമില്ലാതെ നടപടി; ലഹരി പരിശോധനയ്ക്ക് പ്രത്യേക കിറ്റ്: ഡിജിപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ