പത്തനംതിട്ടയിലെ വീട്ടമ്മയുടെ കൊലപാതകം; കേസിൽ 12 പ്രതികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 07:46 AM  |  

Last Updated: 21st February 2023 07:46 AM  |   A+A-   |  

sujatha

ക്വട്ടേഷന്‍ സംഘം തകര്‍ത്ത വീട്ടുസാധനങ്ങളും കൊല്ലപ്പെട്ട വീട്ടമ്മയും

 

പത്തനംതിട്ട: അടൂരില്‍ വീട് കയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തിൽ 12 പേർ പ്രതികൾ. ഇതിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനകളുണ്ട്. വടക്കെ ചെരിവില്‍ സുജാതയാണ് മരിച്ചത്. 55 വയസായിരുന്നു. ഇവരുടെ പോസ്റ്റുമോർട്ടം ഇന്ന് രാവിലെ 10.30ക്ക് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. 

മക്കളോടുള്ള പക വീട്ടുന്നതിനായാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയത്. ഈ സമയത്ത് മക്കളായ സൂര്യലാലും ചന്ദ്രലാലും വിട്ടില്‍ ഇല്ലായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പികൊണ്ട് തലയ്ക്കടിക്കുകയും കല്ല് എറിയുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. 

കതക് പൊളിച്ച് വീട്ടിലെത്തിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു. മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി കേസുകളില്‍ പ്രതികളാണ്. സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുണ്ടാ -പൊലീസ് ബന്ധം: ഡിജിപി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ