

തിരുവനന്തപുരം: സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. കേരളത്തിന്റെ തെരുവോരങ്ങളില്‍ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കെല്ലാം കാവലാളാകുന്ന പൊലീസ് രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാട്ടുന്നത്. റോഡരികില്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അമിത വേഗത്തില്‍ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതല്‍ തടങ്കലുകള്‍. നിയമപാലകര്‍ ഭരണകോമരങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികള്‍ തുടരുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സമാധാനമായി പ്രതിഷേധിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് നേര്‍ക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പൊലീസ്. ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യം. ഒരു പ്രകോപനവുമില്ലാതെയാണ് കളമശേരി പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചതും അത് ചോദ്യം ചെയ്യാനെത്തിയ സംസ്ഥാന അധ്യക്ഷനും ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിന്റെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മേല്‍ തട്ടിക്കയറിയത്. നിയമംലംഘിക്കാന്‍ പൊലീസിന് പ്രത്യേക അധികാരം വല്ലതും മുഖ്യമന്ത്രി തമ്പ്രാന്‍ തന്നിട്ടുണ്ടോ? പുരുഷ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകയെ അപമാനിച്ചിട്ട് ഒരു നടപടിയുമെടുത്തില്ല. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ മര്‍ദിക്കുമ്പോള്‍ കാഴ്ചക്കാരെപ്പോലെ പൊലീസ് കൈയ്യും കെട്ടിനോക്കി നിന്നു. കാക്കിയും ലാത്തിയും അധികാരവും ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കുന്നവരുടെ മേല്‍ കുതിരകയറാനുള്ള ലൈസന്‍സല്ലെന്ന് കൊടിയുടെ നിറം നോക്കി അടിക്കാന്‍ ഇറങ്ങുന്ന പൊലീസ് ഏമാന്‍മാര്‍ വിസ്മരിക്കരുത്.
ജനകീയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി നികുതിക്കൊള്ള നടത്തി സുഖിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തെരുവില്‍ നിങ്ങളെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിനൊപ്പം കോണ്‍ഗ്രസും സമരരംഗത്ത് ഇറങ്ങും. അധികാര ഭ്രമത്തില്‍ ആക്രോശിക്കുന്ന പൊലീസ് ഗുണ്ടകള്‍ക്കും ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ക്കും തടയാന്‍ ധൈര്യമുണ്ടോയെന്ന് നോക്കട്ടെ. പാര്‍ട്ടി പൊലീസിന്റെ തിണ്ണമിടുക്ക് കൊണ്ട് നികുതിക്കൊള്ളയെ സാധൂകരിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ ക്ലിഫ് ഹൗസിനുള്ള പതിയിരുന്ന് ഭരണക്രമം നിര്‍വഹിക്കാനെ കഴിയൂയെന്ന കാര്യവും കെ സുധാകരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
