സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍; ഒപ്പം കെ വി തോമസും, വിവാദം

ദല്ലാള്‍ നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്
ഇപി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്
ഇപി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത് വിവാദമാകുന്നു. കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും ഇപി ജയരാജന്‍ പങ്കെടുത്തു. നന്ദകുമാറിന്റെ അമ്മയെ ഷാള്‍ അണിയിച്ച് ഇപി ആദരിക്കുകയും ചെയ്തു.

ദല്ലാള്‍ നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയായിരുന്നു ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിലായതിനാലാണ് ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ജയരാജന്‍ വിശദീകരിച്ചിരുന്നത്.  

പിറന്നാള്‍ ദിനത്തില്‍ എത്താന്‍ പറ്റിയില്ലെന്ന് ആദരിക്കലിനിടെ ഇപി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയോട് പറയുന്നുണ്ട്. അപ്പോള്‍ തോമസ് മാഷ് ഉണ്ടായിരുന്നതായി നന്ദകുമാര്‍ ജയരാജനോട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇപി ജയരാജനും കെ വി തോമസും നന്ദകുമാറിന്റെ വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നു.

സംഭവം വിവാദമായതോടെ, പരിപാടിയിലേക്ക് ഇപിയെ ക്ഷണിച്ചിരുന്നില്ലെന്നും സര്‍പ്രൈസ് ആയി വന്നതാണെന്നുമാണ് ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചത്. വന്നപ്പോള്‍ അമ്മയെ ഷാള്‍ അണിയിക്കുകയായിരുന്നു. പിറന്നാളിന് മുഖ്യമന്ത്രിയേയും ക്ഷണിച്ചിരുന്നു. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ മുരളീധരന്‍ ആണ് ഇപി ജയരാജനെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടില്‍ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com