പരിക്കുകളുടെ കാര്യം മറച്ചു വെച്ചു, പരാതി ഇല്ലെന്ന് എഴുതി വാങ്ങി; യുവസംവിധായികയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 07:03 AM  |  

Last Updated: 03rd January 2023 07:03 AM  |   A+A-   |  

nayana_surya

നയനസൂര്യ/ ഫയല്‍

 

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹ മരണത്തില്‍ പൊലീസിനെതിരെ നയനയുടെ കുടുംബം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് മറച്ചു വെച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 

നയനയുടെ ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണ സംഘം മറച്ചു വെച്ചു. ദുരൂഹതയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതി ഇല്ലെന്ന് എഴുതി വാങ്ങി. പ്രമേഹരോഗിയായതിനാല്‍ ഇതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നേരത്തെ ലഭിച്ചിരുന്നു. പൊലീസ് പറഞ്ഞത് വിശ്വസിച്ചതിനാല്‍ വായിച്ചു പോലും നോക്കിയില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ദുരുഹത തോന്നുന്നുണ്ട്. സത്യാവസ്ഥ പുറത്തുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരങ്ങള്‍ ആവശ്യപ്പെട്ടു. 

കഴുത്ത് ഞെരിച്ച സ്ഥിതിയിലായിരുന്നുവെന്നും, കഴുത്തിലേറ്റ പരിക്കാണ് മരണകാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് നയനയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ക്ഷതമേറ്റ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പ്, 2019 ഫെബ്രുവരി 24 നാണ് യുവസംവിധായിക നയനാസൂര്യ (28)യെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളാണ്. പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബയോമെട്രിക് പഞ്ചിങ് ഇന്നു മുതല്‍ കർശനം; വൈകിയെത്തിയാല്‍ ശമ്പളം കുറയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ