സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകീട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 12:19 PM  |  

Last Updated: 03rd January 2023 12:40 PM  |   A+A-   |  

saji_cherian_new

സജി ചെറിയാന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അം​ഗീകരിച്ചു. സജി ചെറിയാന്‍ നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. 

സജിചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളാണ് ഗവര്‍ണര്‍ എജിയോട് ചോദിച്ചത്. 

ഭരണഘടനാ അവഹേളനം നടത്തിയ ആളെ മന്ത്രിയാക്കുന്നത് നിയമപരമാകുമോ? എന്ന് ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തില്‍ ഗവര്‍ണര്‍ക്ക് കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് നിയമവിദഗ്ധരില്‍ നിന്നും ഉപദേശം ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവാദത്തിന് ഇടനല്‍കേണ്ടെന്ന് കരുതിയാണ് ഗവര്‍ണര്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ