മയക്കു വെടിവെക്കാന്‍ ഉത്തരവ് വൈകിയതെന്തുകൊണ്ട്? : ചീഫ് ലൈഫ് വാര്‍ഡനോട് മന്ത്രി വിശദീകരണം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 09:53 AM  |  

Last Updated: 08th January 2023 09:55 AM  |   A+A-   |  

ak saseendran

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കു വെടിവെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനംമന്ത്രി വിശദീകരണം തേടി. മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ഉത്തരവ് വൈകിയതിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാവുമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. ബത്തേരിയില്‍ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സംസ്ഥാന സര്‍ക്കാര്‍ കാരണം  കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 

ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശിച്ചിട്ടും സിസിഎഫ് ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് സൂചന. ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിന് ഷോ കോസ് നോട്ടീസ് നല്‍കിയത്. 

കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കാട്ടാനയെ മയക്കുവെടിവെക്കാന്‍ ചീഫ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഉത്തരവ് ലഭ്യമായ ഉടന്‍ തന്നെ ആര്‍ആര്‍ടി സംഘം കാട്ടാന നില്‍ക്കുന്ന പഴുപ്പത്തൂര്‍ വനാതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍;  ഭരണം നഷ്ടമാകാന്‍ കാരണം രമേശ് ചെന്നിത്തല; സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ