അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു
അഞ്ജു ശ്രീ
അഞ്ജു ശ്രീ


കാസര്‍കോട്: കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഫോണില്‍ വിഷത്തെപ്പറ്റി തിരഞ്ഞത് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു. 

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.മരണത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. 

ജനുവരി അഞ്ചിന് സ്വകാര്യ ലാബില്‍ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയില്‍ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു.

കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് അഞ്ജുശ്രീ മരിച്ചതെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. പുതുവത്സര ദിനത്തില്‍ ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുന്നത്. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഹോട്ടലിനെതിരെ വന്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com