ലഹരിക്കടത്ത്; സിപിഎം നേതാവ് ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തു, ഇജാസിനെ പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 10:31 PM  |  

Last Updated: 10th January 2023 10:59 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ ലോറിയില്‍ നിന്നും ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം എ ഷാനവാസിന് സസ്‌പെന്‍ഷന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.  സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍. മുഖ്യപ്രതി ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാര്‍ട്ടി നിയോഗിച്ചു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ ഷാനവാസ് ഖേദം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാനവാസ് ലോറി വാങ്ങിയപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. ലോറി വാടകയ്ക്ക് നല്‍കിയപ്പോള്‍ ഷാനവാസ് ജാഗ്രത പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസമാണ് പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിന് പിന്നിലെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. 

തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയെന്നാണ് ഷാനവാസ് പറഞ്ഞത്. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിരുന്നു. വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറില്‍ ഒപ്പുവെച്ചു എന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 13പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ