ഇത്തവണ കൂട്ടിന് രണ്ട് കുട്ടിയാനകൾ ഉൾപ്പടെ നാല് ആനകൾ; ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 09:19 PM  |  

Last Updated: 14th January 2023 09:19 PM  |   A+A-   |  

PT7

നാട്ടിലിറങ്ങിയ പി ടി 7നെന്ന ഒറ്റയാന്‍ /ടെലിവിഷന്‍ ചിത്രം

 

തൃശൂർ; പാലക്കാട് ധോണിയിൽ വീണ്ടും പിടി 7 എന്ന കാട്ടാന ഇറങ്ങി. ഇത്തവണ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ നാല് ആനകളും പിടി 7നൊപ്പം ഉണ്ടായിരുന്നു. ധോണിയിൽ ലീഡ് കോളേജിന് സമീപത്താണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇന്ന് രാവിലെയും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.

അതിനിടെ ധോണിയെ മാസങ്ങളായി ഭയപ്പാടിൽ നിർത്തിയിരിക്കുന്ന പിടി 7നെ മയക്കുവെടിവച്ച് തളക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. ആനയെ വെടിവെയ്ക്കാന്‍ വയനാട്ടില്‍നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീം തിങ്കളാഴ്ച ശേഷം എത്തുമെന്ന പ്രതീക്ഷയിലാണ്. ഡോക്ടര്‍ ആനയെ നിരീക്ഷിച്ച ശേഷമേ മയക്കുവെടിയുടെ ഡോസ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കൂ. 

ആനയ്ക്കായുള്ള കൂട് തയ്യാറായിട്ടുണ്ട്. ധോണിയുടെ ചെങ്കുത്തായുളള ഭൂപ്രകൃതി ദൗത്യത്തിന് വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അഞ്ച് വഴികളിലൂടെ ആന മാറി മാറി സഞ്ചരിക്കുന്നതായാണ് ഇതുവരെയുള്ള നിരീക്ഷണത്തില്‍ കണ്ടെത്താന്‍ ആയത്. ഈ വഴികളിലെല്ലാം ദൗത്യം സജ്ജീകരിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആനയെ എത്തിക്കുകയാണ് ദൗത്യത്തിലെ മറ്റൊരു ലക്ഷ്യം. അതിരാവിലെ ദൗത്യം തുടങ്ങേണ്ടി വരും. നട്ടുച്ചയ്ക്കും വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷവും ദൗത്യം നടത്തുക പ്രയാസമാണെന്നും എ.സി.എഫ്. ബി. രഞ്ജിത്ത് പറഞ്ഞു. ഡോക്ടറുടെ നേതൃത്വത്തിലുളള സംഘവും വനം വകുപ്പും ഉള്‍പ്പടെ 150-ല്‍ അധികം ആളുകളുടെ സംഘമാണ് ദൗത്യം നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മേയാന്‍ വിട്ട പശുക്കിടാവിനെ കൊന്നു; വയനാട്ടില്‍ വീണ്ടും കടുവ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ